കുഴുപ്പിള്ളിക്കാവിലെ പ്രധാന ആണ്ടുവിശേഷങ്ങൾ

1. വിനായകചതുര്‍ത്ഥി

2. നവരാത്രി ആഘോഷം - പൂജവെയ്പ്പ്,വിദ്യാരംഭം

3. മണ്ഡലമഹോത്സവക്കാലത്ത് നിത്യവും ദീപാരാധന

4. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദീപക്കാഴ്ച

5. വൃശ്ചിക മാസത്തിൽ അശ്വതി നാളിലെ പുന:പ്രതിഷ്ഠാദിനം തുടര്‍ന്ന്     ദേവീ ഭാഗവത നവാഹയജ്ഞം

6. മീനഭരണി മഹോത്സവം

7. ഇടവം 1 ന് ആരംഭിക്കുന്ന പാട്ടുകാലവും തുടര്‍ന്ന് നടത്തുന്ന വലിയഗുരുതിയും.

8. മിഥുനത്തിലെ പൂരുരുട്ടാതിനാളിൽ സര്‍പ്പ പുന:പ്രതിഷ്ഠാദിനം

9. കര്‍ക്കിടകത്തിൽ രാമായണമാസാചരണം.

10. എല്ലാ ഭരണിനാളിലും ഭരണിയൂട്ട്‌.

11. എല്ലാ ആയില്യം നാളിലും സര്‍പ്പത്തിന് നീറുംപാലും. ...



പുനപ്രതിഷ്ഠാ ദിനം

View 2002-ല്‍ നടന്ന അഷ്ടമംഗല ദേവപ്രശ്ന പ്രകാരം 2003-ല്‍ വൃശ്ചിക മാസത്തിലെ അശ്വതി നാളില്‍ ക്ഷേത്രത്തിലെ പ്രശ്ന പരിഹാരക്രിയകള്‍ നടന്നു. രേവതി നാളില്‍ വൈകിട്ട് തന്ത്രിയുടെ കാര്‍മികത്വത്തില്‍ വാസ്തുബലി, വാസ്തു ഹോമങ്ങള്‍, ശുദ്ധിക്രിയകള്‍, അത്താഴപ്പൂജ എന്നിവയും നടത്തി. തുടർന്ന് പുനപ്രതിഷ്ഠാ ദിനമായ അശ്വതി നാളില്‍ ഭഗവതിക്ക് ബ്രഹ്മകലശം, ഭുവനേശ്വരിക്ക് നവകം, ഉപദേവന്‍മാര്‍ക്ക് ഒറ്റക്കലശം, പ്രസാദ ഊട്ട് എന്നിവ നടത്തി വിപുലമായി ആഘോഷിക്കുന്നു.

മീനഭരണി

View ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ ഭരണിനാള്‍ ക്ഷേത്രത്തില്‍ അശ്വതി-ഭരണി ഉത്സവമായി ആഘോഷിച്ചു വരുന്നു. അശ്വതി നാള്‍ രാവിലെ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ , വഴിപാടുകള്‍ വൈകീട്ട് ദീപാരാധന ഭഗവത്സേവ, അത്താഴപൂജ , തുടര്‍ന്ന് ഉത്സവ കലാപരിപാടികള്‍ എന്നിവയും, ഭരണി നാളില്‍ രാവിലെ 4.30 ന് പള്ളിയുണര്‍ത്തല്‍, മലര്‍നിവേദ്യം, മഹാഗണപതിഹോമം, വിശേഷാല്‍ തന്ത്രി പൂജ, ഭരണി പൂജകള്‍ തുടര്‍ന്ന് മഹാപ്രസാദ ഊട്ട് എന്നിവ നടത്തി വരുന്നു . വൈകീട്ട് 5ന് നടതുറന്ന് ഭഗവതിയെ താലപ്പൊലിക്കായി രാമമംഗലം പെരുംതൃക്കോവിലിലേക്ക് എഴുന്നള്ളിക്കുന്നു. 6.30ന് പെരുംതൃക്കോവിലില്‍ നിന്നും താലം, മേളം തുടങ്ങി വിവിധ കാലാരൂപങ്ങളുടെ അകമ്പടിയോടെ കുഴുപ്പിള്ളിക്കാവിലേക്ക് വലിയതാലപ്പൊലിയായി നടത്തുന്നു. താലപ്പൊലി കാവിലെത്തിയ ശേഷം കളമെഴുത്ത്പാട്ടോടുകൂടി നടയടച്ച് മീനഭരണി ആഘോഷം സമാപിക്കുന്നു.


ഭരണിയൂട്ട്‌

View എല്ലാ ഭരണിനാളിലും ക്ഷേത്രത്തിൽ ഭരണിയൂട്ട്‌ വഴിപാടായി നടത്തിവരുന്നു. പന്ത്രണ്ടേകാല്‍ ഇടങ്ങഴി ഉണക്കലരി നിവേദ്യം വച്ച് ഭഗവതിയ്ക്ക് നേദിച്ച് നാലുകറിയോടുകൂടി സജ്ജനങ്ങള്‍ക്ക് വിധിയാംവണ്ണം വിളമ്പി ഊട്ടുന്ന ചടങ്ങാണ് ഭരണി ഊട്ട്. പിതൃസദ്ഗതിയ്ക്കും,കുടുംബ ഐശ്വര്യത്തിനും സകല ദോഷ പരിഹാരത്തിനും ഉത്തമമായ ഈ വഴിപാട്‌ ദുരിതഹരവും സര്‍വ്വാഭീഷ്ടപ്രദവുമാണ്.


കളമെഴുത്ത് പാട്ട്

View പുരാതനകാലം മുതല്‍ ഇടവമാസത്തിലെ ഒന്നാം തിയതി മുതല്‍ കുഴുപ്പിള്ളിക്കാവിൽ പാട്ടുകാലമായി ആചരിച്ചുവരുന്നു. പാട്ടുകാലത്ത് വലിയമ്പലത്തിന്‍റെ വലതുഭാഗത്ത് പഞ്ചവര്‍ണ്ണപ്പൊടികളാൽ കുറുപ്പ് ഭദ്രാദേവിയുടെ എട്ടുകൈകളോടു കൂടിയ കളം വരയ്ക്കുന്നു. കളത്തിൽ നിലവിളക്ക് തെളിച്ച് നെല്ലരി കൂട്ടം വച്ച് ശംഖനാദം മുഴക്കി കളത്തിന് മിഴിയിടുന്നു (നേത്രോന്മീലനം). തുടര്‍ന്ന് സന്ധ്യക്ക് ഇടയ്ക്കകൊട്ടിപ്പാടുന്നു.പിന്നീട് കളമെഴുത്ത് പാട്ടിന്റെ സന്ധ്യക്കൊട്ട് എന്ന പേരില്‍കൂടി അറിയപ്പെടുന്ന പ്രശസ്തമായ പരിഷവാദ്യം അരങ്ങേറുന്നു.പഞ്ചവാദ്യത്തിന്റെ മാതൃവാദ്യമെന്ന് പറയപ്പെടുന്ന ഈ വാദ്യവിശേഷം ഒരുകാലത്ത് രാമമംഗലത്തുമാത്രം നിലനിന്നിരുന്ന ഒരു അപൂര്‍വ്വ കലാരൂപമാണ്. പഞ്ചാവാദ്യം നടക്കുന്ന സമയത്ത് മേല്‍ശാന്തി കളത്തില്‍പൂജകഴിച്ച് നിവേദ്യം നടത്തുന്നു. ചക്കപ്പഴനിവേദ്യം പ്രധാനമാണ്. പരിഷവാദ്യത്തിന് ശേഷം കുറുപ്പ് തിരിയുഴിയൽ ചടങ്ങ് നടത്തുകയും പ്രസന്നപൂജക്കായി നട അടക്കുകയും ചെയ്യുന്നു. ഈ സമയത്ത് കുറുപ്പ് കളത്തില്‍ പാട്ട് നടത്തുന്നു. പ്രസന്നപൂജകഴിയുന്നതോടെ കളത്തിൽ പാട്ട് സമാപിക്കുകയും, കര്‍പ്പൂരമുഴിഞ്ഞ് കുരുത്തോലയും പൂങ്കുലയും ഉപയോഗിച്ച് കളം മായ്ക്കുകയും ചെയ്യുന്നു. കളത്തിലെ പഞ്ചവര്‍ണ്ണപ്പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതോടെ കളമെഴുത്ത് പാട്ട് സമാപിക്കുന്നു. രോഗശാന്തിക്കും വിദ്യാലബ്ധിക്കും സമ്പല്‍സമൃദ്ധിക്കും തദ്വാര കുടുംബൈശ്വര്യത്തിനും കളമെഴുത്ത് പാട്ട് നടത്തുന്നത് ഉത്തമമാണ്.


വലിയ ഗുരുതി

View ഭദ്രാകാളി ക്ഷേത്രത്തിൽ ഏറെപ്രധാനമാണ് ഈ ചടങ്ങ്. ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് തന്ത്രി ഭഗവതിയെ പള്ളിവാളിൽ ആവാഹിച്ച് ഗുരുതിക്കളത്തിനു സമീപം തയ്യാറാക്കുന്ന പീഠത്തിൽ പ്രതിഷ്ഠിക്കുന്നു. പന്ത്രണ്ടു വലിയ വാര്‍പ്പുകളിലായി നിറച്ചുവച്ചിരിക്കുന്ന ഗുരുതിയിലും ഒരു പാത്രം നിണത്തിലും തന്ത്രി പൂജകൾ കഴിച്ച് നിവേദ്യ സമയത്ത് ഗുരുതികളത്തില്‍ തര്‍പ്പണം ചെയ്യുന്നു. ദാരിക നിഗ്രഹം കഴിഞ്ഞ് രക്തംകുടിച്ച് ഭഗവതി ക്ഷീണമകറ്റുന്നു എന്നുള്ളതാണ് വലിയ ഗുരുതിയുടെ സങ്കല്‍പം. ഗുരുതിപാനം ചെയ്ത് കലിയടങ്ങാതെ നില്‍ക്കുന്ന ഭഗവതിക്ക് പ്രസന്ന പൂജകൾ കഴിച്ച് ശാന്തത വരുത്തി ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നു. ശാന്ത സ്വരൂപിണിയായ ഭഗവതി എക്കാലവും അഷ്ടൈശ്വര്യ പ്രദായിനിയായും അഭീഷ്ടവരദായിനിയായും വാണരുളുന്നു. ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കും ഒരുപോലെ ശ്രേയസ്കരമായ വലിയ ഗുരുതിയിൽ സംബന്ധിക്കുവാൻ ഭഗവത് നാമത്തില്‍ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഓരോ കുടുബത്തിന്റെയും കുടുബാംഗങ്ങളുടെയും പേരിൽ ഗുരുതി വഴിപാടായി നടത്താവുന്നതാണ്. കൂടാതെ ഗുരുതിക്കാവശ്യമായ മഞ്ഞള്‍പൊടി, എണ്ണ, നെയ്യ്, ശര്‍ക്കര, അരി, വസ്ത്രം, പുഷ്പങ്ങൾ എന്നിവ സമര്‍പ്പിക്കാവുന്നതാണ്.